Wednesday, February 18, 2015

കൃഷ്ണവനം



കൃഷ്ണ, സുദാമാവു ഞാന്‍
ഈ യമുനതന്നിക്കരെ വന്നുനില്‍ക്കുന്നൂ
പതിവുപോല്‍ പാടുവാന്‍;
കാലത്തിനും കാവലായിട്ടിരിക്കുന്നൊ
രാദിമവാചാലമൗനത്തിനും, പിന്നെ
പാരിതില്‍ നീ നീളെ പാടിപ്പതിയിച്ചൊ-
രാര്‍ദ്രസൗഭ്രാത്രത്തിനും, സ്നേഹ-
വായ്പിനുമീടുററ ഗാഥകള്‍.
പേര്‍ത്തുപാടുന്നൂ‍, പറഞ്ഞാലൊരിക്കലും
പാഴിലാവില്ല നിന്നോ‍ടെന്ന്‌,
പണ്ടത്തെയാചാര്യഗേഹവും കാടും
മഴവന്ന നാളും മരക്കുടക്കീഴില്‍ നാം നിന്നതും
പിന്നെ നമ്മെത്തേടിവന്ന നിലാവിന്റെ
പാലൊളിയില്‍ നമ്മള്‍ കാടാകെ കണ്ടതും,
ഒന്നും മറക്കാന്‍ കഴിയാത്ത കണ്ണന്റെ
കാടുകള്‍ കാട്ടില്‍ കിളികള്‍ മൂളുന്നതും.

കൃഷ്ണ, സുദാമാവു ഞാന്‍
ഈ യമുനതന്നക്കരെ നോക്കിനില്‍ക്കുന്നൂ;
മലകളിലാളുന്ന കാട്ടുതീയിന്‍ ശോണ-
വക്ത്രത്തില്‍നിന്നും പിടഞ്ഞുചാടിപ്പോന്നൊ
രേതോ കരച്ചില്‍ അലമുറയിട്ടുവന്നെത്തിയെന്‍
കാതില്‍ക്കുറിച്ചിടും പേരേടുകള്‍ക്കുള്ളില്‍
ഞാനറിയുന്ന പേരൊക്കെ നിറയുന്നു,
ഖാണ്ഡവം വെന്ത കരിക്കട്ടകള്‍
ചികഞ്ഞെന്‍ നേര്‍ക്കെറിഞ്ഞവര്‍ ചൂളുന്നു;
അന്തിക്ക്‌ കുന്നിന്‍മുടിയില്‍, നഭസ്സിന്‍ ചുഴികളില്‍,
കാലായനങ്ങള്‍ തന്‍ വ്യോമമാര്‍ഗ്ഗങ്ങളില്‍
തീരാതയുതസഹസ്രയുഗങ്ങള്‍ തന്‍
തേജസ്സുമായ്‌ കത്തിനില്‍ക്കും വിളക്കുകള്‍
വീര്‍ത്തുപൊങ്ങുന്ന പുകയില്‍ മങ്ങീടുന്നു.

കുന്നിറങ്ങിപ്പോയ കൗമുദി സന്ധ്യക്ക്‌
വീണ്ടും വിയല്‍ഗംഗയിങ്കല്‍ നിറയവേ,
കൂട്ടം പിരിഞ്ഞും അറിയാക്കിനാക്കള്‍ക്കു
പിമ്പേയലഞ്ഞും നടന്ന ചെടിപ്പുമായ്‌
കേട്ടോ, അറിഞ്ഞോ, അറിയാതെയോ വന്നു
പാര്‍ത്തുനിന്നീ‍ടും ഗജപ്രതാപം പോലെ,
ആരുമറിയാതെ നീ വരുന്നൂ നിന്‍ വ്രജസ്ഥലി
ക്കിക്കരെ, എന്റെ സ്വാന്താശ്രമപ്രാന്തങ്ങളില്‍,
പണ്ട്‌ രാവൊന്നു കണ്ണിമ ചിമ്മിത്തുറക്കെയെനിക്കായി
നീ തീര്‍ത്ത ചാന്ദ്രശിലാമയഹേമകൂടങ്ങളെ
ദൂരത്തുദൂരത്തുപേക്ഷിച്ചു ഞാന്‍ പോന്ന
മാലിനീതീരപ്രശാന്തദേശങ്ങളില്‍.
കൂട്ടായിരിക്കെ പരസ്പരം, ചോദിച്ചു
കൂട്ടുന്നു ഞാനളവററ സമസ്യകള്‍.
ഉത്തരങ്ങള്‍ക്കു ഞാന്‍ കാത്തു നില്‍ക്കെ, ചാരെ
സന്ധ്യ ചിദാനന്ദനൃത്തമാടുന്നൊരീ
കാററില്‍, മനസ്സിന്റെ മേഘായനങ്ങളില്‍
പീലിനിവര്‍ത്തുന്നി‍തോര്‍മ്മതന്‍ കാടുകള്‍.
ദൂരെ മഹാഗ്നിതന്‍ താണ്ഡവം തീരാതെ
ധൂമിലയായ്‌ നിന്നൊടുങ്ങും വനസ്ഥലി
തുമ്പിയും കൊമ്പും കരിഞ്ഞലഞ്ഞാര്‍ക്കുന്ന
വെന്തുതീരാത്ത ഗജരോദനങ്ങളാല്‍
മുററും മുഖരിതമാകവേ, നീയെന്തു,
ചെററുചിരിക്കെ, പിറുപിറുക്കുന്നുവോ?
ചോദ്യങ്ങള്‍ നിര്‍ത്തി മിണ്ടാതായ കാററിനെ-
നോക്കിയിരിക്കവേ കേള്‍ക്കുന്നു‍ നിന്‍ സ്വരം:-

“ചോദ്യങ്ങളെന്നോടിതെന്തേ സുദാമന്‍,
നിനക്കു ഞാന്‍തോഴനല്ലേ,
ഗുരു നമ്മള്‍ക്കൊരേയൊരാള്‍ !
ഓര്‍ക്കുക നമ്മള്‍, നമുക്കായ്‌ മഹാകാല-
രഥ്യയില്‍ കാത്തുനിന്നെന്നെയും നിന്നെയും
നാമറിയാതെ, നമുക്കറിയാത്തൊരാ നേരിന്റെ
നേരില്‍ നിറുത്തി, 'അഭീ,യഭീ'യെന്നുചൊല്ലി-
ച്ചാരെ കാവലായ്‌ നിന്ന വിവേകപ്പൊരുളിനെ.
ക്ലിഷ്ടം വഴികള്‍ നടക്കും നമുക്കായി
നിത്യം തണലായി കൂടേ വരുന്നയാള്‍ !

കാടെങ്കില്‍ തമ്മിലറിയാമരങ്ങള്‍ക്കു
കൂടെന്നറിഞ്ഞു വന്ദിച്ചു നിന്നീടുവാന്‍;
കാട്ടുമരങ്ങളെനോക്കി നമുക്കേതു കാററിലും
തമ്മില്‍ത്തലോടിനിന്നീടുവാന്‍;
കാടിന്റെയുള്ളിലെപ്പൊയ്കയിലാകാശ-
ലോകങ്ങളൊക്കെ തെളിവതു കാണുവാന്‍;
കാട്ടിലെപ്പുല്ലിനും പുല്‍പ്പോന്തിനും പിന്നെ
കാട്ടുപുലിക്കും പെരുന്തേക്കിനുമൊരേ
പാത്രത്തില്‍ നിന്നുതന്നൂര്‍ജം പകുക്കുന്ന
സൂര്യന്‍ ദിനവുമീ കാടിനെച്ചുററി
വലംവച്ചിടുന്നതിന്നര്‍ത്ഥമാരായുവാന്‍;
കാടിന്റെ മേലാപ്പില്‍ നൂറായിരം കിളി-
ക്കൂടുകള്‍ക്കുള്ളില്‍ ചിറകടികള്‍ ദൂരെ
കാലത്തിനങ്ങേപ്പുറത്തെ മഹാര്‍ണ്ണവ-
ശൈലങ്ങളെപ്പാര്‍ത്തിരിക്കുന്നതിന്‍പൊരു-
ളെന്തെന്നറിയുവാന്‍; കാടിനെ കാണുവാന്‍
നേര്‍ക്കു നേര്‍ നില്‍ക്കവേ,
നേരുകളുള്ളില്‍ നിറഞ്ഞു പൊലിയവേ,
കാടേ, സതീര്‍ത്ഥം തരിക
ഞങ്ങള്‍ക്കെന്നൊരുവരം ചോദിച്ചുപോകെ,
പുഴക്കരെയാരോ വിരിക്കുമാ
പുത്തിലഞ്ഞിപ്പൂവിരിപ്പില്‍ പടിഞ്ഞിരുന്നി‍ത്തിരി-
പ്പോന്ന ചിരാക്ഷരമാലകള്‍ കോര്‍ക്കുവാന്‍......
എത്രയോ പാഠങ്ങള്‍ !
ഓര്‍ക്കുക, ഒന്നൊടൊന്നായവയൊക്കെയും
നമ്മിലന്നോതിയുറപ്പിച്ച സ്നേഹവചസ്സിനെ.


നീ നിർത്തി നിൽക്കുന്നു,
ഞാനോ നിറഞ്ഞുനിൽക്കുന്നു
നിൻവാക്കിനാൽ.

കൃഷ്ണ, സുദാമാവു ഞാന്‍
ഈ യമുനയില്‍ മുങ്ങിനീരുമ്പോള്‍
ഇരുളിലൂടേതോ കിളിയൊച്ച തേങ്ങി
ത്തെറിച്ചെത്തിയാററിറമ്പില്‍ വീണുടയുന്നു,
പുഴപ്പരപ്പില്‍ കാററ്‌ വീണ്ടും പതുങ്ങുന്നു,
ദൂരെ നിലാവിനെക്കീറിമുറിക്കുന്നു കാട്ടുതീയിന്‍
ഖഡ്ഗപംക്തികള്‍, നാളെയിക്കാട്ടില്‍ നിറഞ്ഞാ-
ണ്ടുകാളും കനലിന്റെ മീതെയിറങ്ങി നിന്നാടുവാന്‍
കാത്തിരിപ്പുണ്ടാവെയില്‍,
ഇതാ ശ്മശാനത്തിന്റെ ഗന്ധം നിറയുന്നു‍ ചുററിലും.

വീണ്ടും വരില്ലേയിനി മഴ, നമ്മള്‍ക്കു
കാടകം പൂകുക, കാത്തുനിന്നീടുക.



Sunday, June 17, 2012

കൊതി



നിവരുമ്പോളാ മഹാപ്രണവത്തിന്‍ ഗീതമാ-
യറിയുന്നു നിന്നെ സകാമം.
ഒട്ടും നിനയാതിരിക്കവേ നീ വന്നു
തൊട്ടുവിളിച്ചു ചിരിച്ചു നില്‍ക്കെ,
ഒട്ടു കരഞ്ഞേ ചിരി വരൂ എന്നെണ്റ്റെ
കാതില്‍ മന്ത്രിച്ചതും കേള്‍ക്കെ,
മിഴി നീര്‍ത്തവെ, മുകളില്‍ ചില്ലിപ്പടര്‍പ്പു-
കള്‍ക്കിടയില്‍ നിന്‍ നേത്രം, ആകാശം.
കുന്നിന്‍ കടവായ്‌ നിറഞ്ഞൊഴുകും
നിലാപ്പാലിണ്റ്റെ ആനന്ദമേളം.
മഴയുടെ രാഗം മലങ്കാക്കതന്‍ സ്വരം
പുഴയിറമ്പില്‍ കേട്ട താളം.
ചുരുളായ്‌ പുതപ്പാകുമിക്കാറ്റില്‍ നിന്‍
വിരല്‍ത്തുമ്പിന്‍ വയമ്പിന്‍ സുഗന്ധം.

വിടരുമ്പൊളൊരു മഹാപ്രണയത്തിന്‍
നിറവില്‍ഞാന്‍ പുല്‍കുന്നു നിന്നെ സകാമം.
വെയില്‍ വെളുക്കുമ്പോള്‍ നിന്‍
വടിവുകളില്‍നിറയുന്ന പച്ചവില്ലീസിന്‍ മിനുക്കം.
മഴവന്നു നില്‍ക്കേ മുകില്‍ക്കൊമ്പുകള്‍
കുത്തി മറിയുന്ന കുന്നിന്‍മടക്കുകള്‍ക്കിപ്പുറം
മലയിടുക്കില്‍പ്പൊങ്ങിനിറയുന്ന ഗീതികള്‍,
പുഴയില്‍ തിങ്ങിത്തെറിച്ചൊഴുകുന്ന നിമിഷജല-
വൃദ്ധിയില്‍ ഗജദിക്ഭ്രമങ്ങള്‍ തന്നുത്സവം.
അഴകായ്‌ ചുവക്കും മുരുക്കിണ്റ്റെ പൂവുകള്‍
ചൂടാനിറങ്ങി നടക്കുന്ന യക്ഷികള്‍,
അഹംകൃതികള്‍ക്കു മുകളിലൂടാരോ
കുടഞ്ഞിട്ടനിറമാലകള്‍ ചൂടിയാടുന്ന കാടുകള്‍.
അതിലെയൊരു കൊമ്പില്‍ കിനാവുകള്‍ പാര്‍ക്കുന്ന
ചെറിയകൂട്ടില്‍ എനിക്കറിയാത്ത പാട്ടുമായ്‌
കിളികളെയുറക്കുന്നതേതു താരസ്വരം.

വിട വാങ്ങവേ മഹാപ്രളയത്തിന്‍ നിറുക-
യില്‍തിരയുന്നു നിന്നെ സകാമം.
ഇളവെയില്‍പ്പൂക്കളും കിളികളും കൈവിട്ട
പുഴതന്‍ തണുത്ത നിര്‍ഗന്ധം,
ഇരുളുറഞ്ഞൊഴുകിപ്പടര്‍ന്നൂറിനിറയുന്ന
മതിവരാമോഹക്കടലിന്‍ പരപ്പുകള്‍,
മുകളില്‍ കമഴ്‌ന്നുമറിഞ്ഞ സൌഭ്രാത്രത്തിണ്റ്റെ
വലിയോരു പാത്രം, തണുത്തുവിറക്കുമീ ചക്രവാളത്തെ
വരിയും വെളിച്ചമായ്‌ കെട്ടു തീരാത്ത പ്രണയം,
അതിന്‍പിടിവിട്ടു മുങ്ങിത്താണുപോകുന്നൊ
രോര്‍മ്മതന്‍ പിടയലും, അതിന്‍മീതെ
അവസാനചുംബനം നല്‍കുവാ-
നാളുന്ന വിറയാര്‍ന്ന ചുണ്ടിണ്റ്റെ നനവും,
പിറവിപ്പൊരുള്‍ക്കടപ്പാടിന്‍ കുടം പൊട്ടി
യുദകമെനിക്കുമേല്‍ നിറയുന്ന ശബ്ദവും.

വിട തരുമ്പോഴുമെന്നേ നി വരുംജന്‍മ
വഴികള്‍ കാട്ടിക്കൊതിപ്പിച്ചുനില്‍ക്കുന്നുവോ?

ഫെബ്രുവരി11, 2009

Wednesday, February 16, 2011

മഴ

തോഴീ മഴയതാ, മാനത്തിനക്കരെ
മേഘങ്ങളൊക്കെ തിളച്ചുനില്പ്പെന്കിലും,
ദൂരെ മലയ്ക്കും മലന്കാടിനും മീതെ
യാര്ത്തു പെയ്യുന്നൂ സഘോഷം.
ആര്‍ക്കാണതിന്‍ നാമകീര്‍ത്തനം നമ്മള്‍ക്ക്
കേള്‍ക്കാന്‍, അറിയാന്‍ സമയമുണ്ടോ?
വെള്ളം നിറഞ്ഞു പടികടന്നിപ്പോഴീ
വാതില്‍പ്പടിയെ തലോടും.
പിന്നെ വരുമൊഴുക്കെന്നെയും കൊണ്ടുപോയ്
എങ്ങോ മറയാം, തടുക്കുമെന്നോ?
എല്ലാം വേറുതെയാവില്ലേ, നമുക്കാവില്ല,
മിണ്ടാന്‍, പറയാന്‍, മുരടനക്കാന്‍.
ഒന്നും പറയാതിരിക്കുവാന്‍ വയ്യാതെ
എങ്ങോ പിടയ്ക്കും മനസ്സുമായി,
ഒന്നും പറയാതിരിക്കുകയാണ് നാം,
എന്നേ പിരിയാന്‍ വിധിച്ചുവിട്ടോര്‍.

തോഴീ മഴയതാ പാടവും, തോടു-
മക്കാടും കടന്നു കേറുന്നു.
കുന്നിന്നുമങ്ങേപ്പുറത്തത്രെ കാഴ്ചകള്‍,
കുന്നലക്കാറ്റുകള്‍ പാടും വയലുകള്‍,
വെള്ളിലപ്പൂക്കള്‍ മുഖം നോക്കി നില്ക്കുന്ന
കണ്ണാടി തോല്ക്കും കുളങ്ങളില്‍ അന്തികള്‍
കൊണ്ടുനിറയ്ക്കുന്ന വിണ്ണിന്‍നിറങ്ങളും,
കൊഞ്ചും കിളിപ്പാട്ടുമാമയിലാട്ടവും.
കണ്ടു നടക്കെയവക്ക് ചുറ്റും പെയ്തു
നിന്ന് നിറയാന്‍ കൊതിക്കുന്നൊരു മഴ.

കാടിനോരം പറ്റിയോടുന്ന പാതയില്‍
കാട്ടാറു പോലെത്തെറിക്കുന്ന പെണ്മൊഴി,
കാത്തു കൊതിച്ചു തന്‍ കാല്മടമ്പില്‍ നിന്ന്
കാണാത്ത മുള്ളെടുപ്പിക്കെ,
തിളങ്ങുന്ന കുത്തരിവാളിന്‍ മുനയില്‍
കിടാത്തന്റെ കത്തും കൊതിയുടെ
മൂര്‍ച്ച കാണ്കെയതില്പെട്ടുണരാനായ്
കൊതിക്കുന്നൊരു മഴ.

തോഴീ മഴയതാ, കാടുകള്‍ക്കുള്ളില്‍
നിന്നെത്തിനോക്കുന്നൂ,
കരഞ്ഞും മുഖം പൊത്തിയാര്‍ത്തുചിരിച്ചും വരുന്നു
വഴിക്കരെ വന്നു നില്ക്കുന്നൂ, വിളിക്കുന്നു നമ്മളെ.
കാട്ടിലുണ്ടത്രേ കിനാവും കൊതികളും‍,
പൊയ്കയും പൂക്കളും തേനും മധുപരും,
കൊട്ടും കുരവയും പൂതപ്പനകളും
ആട്ടക്കലാശം ചവിട്ടും മരങ്ങളും,
ചാവും, ജനനവും, മാനത്തുകണ്ണികള്‍
നേര്‍ത്ത നിലാവില്‍ മദിക്കും കയങ്ങളും.
ചത്തപിതൃക്കളും ചാപിള്ളയാകുവാന്‍
പെറ്റമ്മമാര്‍ കൊതിക്കുന്ന കിടാങ്ങളും,
വേട്ടപ്പുലികളും വേര്‍പെടും ജീവന്റെ-
യാര്‍ത്തനാദങ്ങള്‍ക്ക് കാക്കും കഴുക്കളും,
കാട്ടിലുണ്ടത്രേ ഫണികള്‍, ഫണത്തിലെ
ആര്‍ത്തിച്ചുരുളുകളാട്ടിനില്ക്കുന്നവര്‍
കാക്കും ഗുഹയില്‍ നിധികളും, ചുറ്റിലും
നീലക്കൊടുവേലിപൂക്കുന്ന ഗന്ധവും.

കാട്ടിലുണ്ടത്രേ മുളംകൂമ്പുകള്‍, വെയിലാ-
ററിക്കുടിച്ചു പൊങ്ങുന്ന കരുത്തുകള്‍,
ആവണിക്കാലം വരുമ്പോള്‍ മുളംതുഞ്ചി-
ലാവണപ്പലകയിട്ടാടും മനസ്സുകള്‍,
കാറ്റില്‍ കുതിച്ചുപൊങ്ങുന്ന കിളിയൊച്ച
കാടിന്നുമപ്പുറത്തേക്ക് കാതോര്‍പ്പതും,
നേതിയെന്നോതും പുഴയും പുഴ കണ്ട
നേരിന്‍ പൊരുളിന്റെ പൊന്മാന്‍ തിളക്കവും.
കാടിനെപ്പുല്കുന്നു സൂര്യതേജസ്സുകള്‍,
കാടു പുല്കു്ന്നൂ മലതന്‍ ശിരസ്സുകള്‍......

തോഴീ മഴയതാ, പിന്നെയും പാടുന്നു,
കാടകങ്ങള്‍കമൊക്കെ കുളിര്‍ക്കുന്നു,
കാടു മഴവില്ലെടുത്ത് തോളേറ്റുന്നു,
കാണുവാന്‍ ചന്തം, മഴയെന്തിതിങ്ങിനെ?


തോഴീ മഴയിതാ, നമ്മെ നോക്കിത്തന്നെ-
യാലിപ്പഴം പൊഴിച്ചാടിത്തിമിര്‍ക്കുന്നു,
കാടിന്നുമിപ്പുറത്താരവം കൂട്ടുന്നു,
പുഴയ്ക്കലെ കൈതകള്‍ മുങ്ങിമായുന്നൂ,
കിനാവള്ളിപോലെ പുഴക്കൈകള്‍ നീങ്ങിയെത്തുന്നൂ,
പടിക്കലെ തിട്ടും കടന്നു കേറുന്നു,
വാതില്‍പ്പടിയെത്തുവാന്‍ നീളുന്നു,
നമ്മളെ വന്നതിരംഭണം ചെയ്യുന്നു,
നമ്മോടു മാത്രം മഴയെന്തിതിങ്ങിനെ?

മഴ നിന്നു പെയ്യുന്നു,
നിൽക്കാതെ പെയ്യുന്നു,
നാം കണ്ടുനിൽക്കുന്നു.
കാലങ്ങളായ്, സഖീ.